കറ്റാനം: ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ വൺ മില്യൺ തൂഫാൻ ഗോൾ 2026 പദ്ധതിക്കു തുടക്കമായി. കുറത്തികാട് പോലീസ് എസ്ഐ എം.എസ്. എബി ആദ്യ ഗോൾ വലയിലെത്തിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. ലോകകപ്പ് ഫുടബോൾ ആവേശത്തിനൊപ്പം ലഹരി എന്ന വിപത്തിനെ കായികരംഗത്തിന്റെ കരുത്തുകൊണ്ട് നേരിടുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം.
വരും ദിവസങ്ങളിൽ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് ജനകീയ പ്രതിരോധമാക്കി ഇതിനെ മാറ്റാനാണ് സ്കൂൾ അധികൃതർ ലക്ഷ്യമിടുന്നത്. സ്കൂൾ പ്രിൻസിപ്പൽ സി.ടി. വർഗീസ്, ബർസാർ ഫാ. സിൽവസ്റ്റർ തെക്കേടത്ത്, എൻഎസ്എസ് കോ-ഓർഡിനേറ്റർ ജ്യോതി മറിയം ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ജീവിതമാണ് നമ്മുടെ ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിന് എസ്ഐ എം.എസ്. എബി നേതൃത്വം നൽകി.